Sunday, March 27, 2011

ചില ജയില്‍ച്ചിത്രങ്ങള്‍


രാഖി എസ് നാരായണന്‍


ജയിലുകള്‍ക്കകത്തെ കാണാത്ത, അറിയാത്ത ചില കാഴ്ചകള്‍...

അടൂരിന്റെ വിഖ്യാതമായ സിനിമ, മതിലുകള്‍ ഓര്‍മ്മയില്ലേ. സെന്‍ട്രല്‍ ജയിലിന്റെ മതിലിനു മുകളില്‍ ഉയര്‍ന്നുപൊങ്ങുന്ന ഉണക്കക്കമ്പുകള്‍ കാണുമ്പോള്‍ കാമുകിയായ നാരായണിക്ക് ജയില്‍ വളപ്പില്‍ താന്‍ നട്ടുവളര്‍ത്തിയ ചുവന്ന റോസാപുഷ്പം പൊട്ടിച്ചെറിഞ്ഞുകൊടുക്കുന്ന ബഷീറിന്റെ പ്രണയഭാവനകള്‍. മനുഷ്യന്‍ അങ്ങനെയാണ്, ബന്ധനത്തില്‍ പോലും അവന്റെ മനസ്സ് ദാഹിച്ചുകൊണ്ടിരിക്കും, സ്‌നേഹത്തിനുവേണ്ടി, സ്വാതന്ത്യത്തിനുവേണ്ടി... ആരും കുറ്റവാളിയായി ജനിക്കുന്നില്ല, സാഹചര്യങ്ങളായിരിക്കാം അവനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ സമൂഹത്തില്‍ ഉന്നതനിലയില്‍ ജീവിക്കാനുള്ള ത്വരയായിരിക്കാം. എന്തുതന്നെയായാലും ഒരിക്കല്‍ പിടിക്കപ്പെട്ടുപോയാല്‍ ജീവിതകാലം മുഴുവനും ആ തെറ്റ് കറുത്തമൂടുപടമായി അവനെ പൊതിഞ്ഞുനില്‍ക്കും. കുറ്റവാളി ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാലും സമൂഹം അവനെ വെറുതെവിടില്ല. മറ്റുള്ളവരുടെ ആട്ടും തുപ്പും സഹിച്ച് ഒരു മനുഷ്യജന്മം എരിഞ്ഞടങ്ങുന്നു. വേദനയുടെ നെരിപ്പോടും താങ്ങി മാനസാന്തരം വന്നാലും അവന്റെ മേല്‍ വീണ വിഷക്കറ മാറില്ല. അവന്‍ അല്ലെങ്കില്‍ അവള്‍ അത് എന്തിനു ചെയ്‌തെന്ന് ആരും തിരക്കാറില്ല.



കേരളത്തിലെ പ്രധാന ജയിലുകളില്‍ ഒന്നായ പൂജപ്പുര സെട്രല്‍ ജയിലിലേക്ക് പോകാം. സമൂഹത്തില്‍ തിന്‍മ ചെയ്തവരും വെറുക്കപ്പെട്ടവരുമാണ് ആ വന്‍മതിലിനുള്ളില്‍. ദൂരുഹതകളും കെട്ടുകഥകളും ഒരുപാട് കേട്ടിട്ടുണ്ട് ഈ ജയിലിനെപ്പറ്റി. ഇവിടെ ജാതിയില്ല, മതമില്ല, പണക്കാരനും പാവപെട്ടവനുമില്ല. പിന്നെയുള്ളത് ചെയ്തകുറ്റത്തിന്റെ കാഠിന്യം മാത്രം. കൊലപാതകി, പിടിച്ചുപറിക്കാരന്‍, മണല്‍ മാഫിയക്കാരന്‍, കഞ്ചാവ് കടത്തുകാരന്‍, പോക്കറ്റടിക്കാരന്‍, ക്വട്ടേഷന്‍ പണിക്കാരന്‍ എന്നിങ്ങനെയുള്ള ഗ്രേഡുകള്‍ മാത്രം. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ജീവപര്യന്തം, ഒരുവര്‍ഷം, ആറുമാസം അങ്ങനെ പോകുന്നു ഓരോരുത്തരുടെയും ശിക്ഷാകാലയളവ്.



ജയില്‍ മുറ്റത്തുചെല്ലുമ്പോള്‍ പ്രിയപ്പെട്ടവരെ ഒരുനോക്കുകാണാന്‍ ഫോമും പൂരിപ്പിച്ചു നില്‍ക്കുന്നവരുടെ നിര കാണാം. ജര്‍മ്മന്‍ യുവാവും യുവതിയും ഒരു തടവുപുള്ളിയെ സന്ദര്‍ശിക്കാന്‍ അനുമതിതേടി നില്‍ക്കുകയാണ്. ഹെന്റിക് കെപ്‌ളര്‍ എന്ന ആ യുവാവിന്റെ സഹോദരന്‍ കേരളത്തില്‍ വിനോദസഞ്ചാരത്തിനു വന്നതാണ്. യാത്രക്കിടയില്‍ അയാളുടെ രേഖകള്‍ നഷ്ടപ്പെടുകയും ജയിലിലാകുകയും ചെയ്തു. ബന്ധുക്കളെ കാണാന്‍ അനുമതി ലഭിച്ച തടവുപുള്ളികളുടെ മുഖത്ത് സന്തോഷത്തിന്റെയും സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും തിരയിളക്കങ്ങള്‍.



മതിലിനകത്തു കടന്നാല്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച തടവുകാര്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരാണെങ്കിലും എല്ലാവരും ശാന്തന്‍മാരാണ്. പലരുടെയും മുഖത്ത് പശ്ചാത്താപം. ഞാന്‍ കുറ്റം ചെയ്തവനാണ്. വെറുക്കപ്പെട്ടവനാണ്. കുമ്പസാരക്കൂട്ടില്‍നിന്ന് പാപം ഏറ്റുപറഞ്ഞവന്റെ ദൈന്യത. സന്തോഷമില്ല , സങ്കടമില്ല എങ്കിലും അവര്‍ ഓരോ ജോലികളില്‍ മുഴുകിയിരിക്കുന്നു. ഞങ്ങള്‍ തടവുകാരാണെങ്കിലും ചെയ്യുന്ന ജോലിയില്‍ സംതൃപ്തരാണ്- അവര്‍ പറയുന്നു.



1989ല്‍ ജയിലില്‍ ജോലിക്കു വന്ന ഒരു ഉദ്യോഗസ്ഥനാണ് തടവുകാരുടെ ജീവിതചര്യകളെക്കുറിച്ചു പറഞ്ഞത്. ഇപ്പോള്‍ 1500 പേരുണ്ട് തടവുകാരായി. സന്തോഷ് മാധവന്‍, മണിച്ചന്‍, ശോഭാ ജോണ്‍ തുടങ്ങി വാര്‍ത്തകളില്‍ ഇടംതേടിയ പ്രമുഖരായ കുറ്റവാളികള്‍ മുതല്‍ ചെറിയതെറ്റിന് ശിക്ഷിക്കപ്പെട്ടവര്‍വരെ... ജയിലിനുപുറത്തുള്ളവരുടെ വിചാരം സിനിമയിലൊക്കെ കാണുന്നതു പോലെ തടവുകാരെ പീഡിപ്പിക്കുന്നുണ്ടെന്നാണ് അതൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണ്. പണ്ടത്തെ നടയടി സമ്പ്രദായമൊന്നും ഇപ്പോഴില്ല. ജയിലില്‍ പരാതിപ്പെട്ടി വച്ചിട്ടുണ്ട് തടവുപുള്ളികള്‍ക്ക് എന്തെങ്കിലും വിഷമം വന്നാല്‍ അത് എഴുതി പരാതിപ്പെട്ടിയിലിടാം. മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളും ജയില്‍ ഡി.ജി.പിയും ആഴ്ചയില്‍ ഒരിക്കല്‍ അത് പരിശോധിച്ച് വേണ്ടനടപടികള്‍ സ്വികരിക്കും.



ഒരു കുറ്റവാളിയെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ തന്നെ ഡോക്ടര്‍ അയാളെ എല്ലാവിധ പരിശോധനക്കും വിധേയനാക്കും. ശരീരഭാരം, രോഗങ്ങള്‍, എന്നിവ ക്രൃത്യമായി കണക്കാക്കി പ്രത്യേകം കഴിക്കേണ്ട ആഹാരങ്ങള്‍ നിര്‍ദ്ദേശിക്കും. ആഴ്ചയില്‍ രണ്ടുദിവസം മല്‍സ്യം, ഒരുദിവസം മട്ടണ്‍, പാല്‍, തൈര്, മുട്ട അങ്ങനെ എല്ലാ പോഷക ഘടകങ്ങളും അടങ്ങിയ ഭക്ഷണമാണ് നല്കുന്നത്. രോഗമുള്ളവരെ ചികിത്സിക്കാന്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സകളുണ്ട്. മാനസികമായി തകരാറിലായവര്‍ക്ക് പ്രത്യേക കൗണ്‍സലിങ്, യോഗ, ധ്യാനം, മോറല്‍ ക്‌ളാസ് എന്നിവയും ഓരോ മതസ്ഥര്‍ക്കും പ്രാര്‍ത്ഥിക്കാനായി അമ്പലവും പള്ളിയും മസ്ജിദുമുണ്ട്.



ശിക്ഷ അനുഭവിക്കുന്നവരില്‍ മാനസാന്തരം വന്നവരെയും നല്ല സ്വഭാവം ഉള്ളവരെന്നു ബോധ്യപ്പെട്ടവരെയും ജയില്‍ അധികൃതര്‍ ബോര്‍ഡ് മീറ്റിങ്ങിനു ശേഷം ശിക്ഷ ഇളവുചെയ്തുകൊടുക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശക്കത്ത് അയയ്ക്കും. അന്തിമതീരുമാനമെടുക്കുന്നത് ഗവര്‍ണറാണ്. ഇതുകൂടാതെ ആറുമാസത്തിനിടെ രണ്ട് മാസത്തെ പരോള്‍ ലഭിക്കും. അടുത്ത ബന്ധുക്കള്‍ക്ക് അപകടം പറ്റിയാല്‍ എമര്‍ജന്‍സി പരോളും അനുവദിക്കാറുണ്ട്.



80 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന ജയില്‍ പരിസരത്തെ പച്ചക്കറിത്തോട്ടം കായ്കനികളാല്‍ സമൃദ്ധമാണ്. തടവുകാര്‍ തന്നെയാണ് ഇവിടെ പണിയെടുക്കുന്നത്. 11 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തടവുകാരെ തിരിക്കുന്നു. രാവിലെ ഏഴര മുതല്‍ ഇവര്‍ ജോലി ആരംഭിക്കും. ദിവസം 30 രൂപയാണ് ശമ്പളം. തുക മാസാവസാനം നല്കും. ശമ്പളം വീട്ടിലേക്കോ കാന്റീന്‍ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാം.



ശിക്ഷകഴിഞ്ഞു പോകുമ്പോള്‍ ഒരു തുക വീട്ടില്‍ കോണ്ടുപോകാനും കിട്ടും. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് ജയില്‍ ഉദ്യോഗസ്ഥരെ സഹായിക്കാനുള്ള അവസരവും ഉണ്ട്. തളിര്‍ത്തുനില്‍ക്കുന്ന പൂന്തോട്ടവും പച്ചക്കറികളും കാണുന്നതു തന്നെ മനസ്‌സിനു കുളിരു പകരും. തൊഴിലെടുക്കുന്നവരുടെ ആത്മാര്‍ത്ഥത അവരുടെ ചെടിത്തോട്ടം കാണുമ്പോള്‍ മനസ്‌സിലാവും.



വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള എല്‌ളാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഏഴുപേര്‍ പത്താംതരം തുല്യതാ ലെവല്‍ പരിക്ഷ എഴുതിയതില്‍ ആറുപേര്‍ വിജയിച്ചു. മിക്കവരും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും കേരള യൂണിവേഴ്‌സിറ്റിയുടെയും വിദൂരവിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകള്‍ ചെയ്യുന്നവരാണ്. കഴിഞ്ഞവര്‍ഷം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ സെന്റര്‍ ജയിലില്‍ ഉണ്ടായിരുന്നു. പതിനായിരം പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി ഇവിടെയുണ്ട്. മിക്കവരും മികച്ച വായനക്കാരാണ്. ജയിലിനു പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ജിജ്ഞാസയുള്ളവരാണ് പലരും. രാഷ്ര്ടീയ കാര്യങ്ങളും ആനുകാലികസംഭവങ്ങളും ചര്‍ച്ചചെയ്യുന്നു.



തടവുകാരില്‍തന്നെ മികച്ച എഴുത്തുകാരും ചിത്രകാരന്‍മാരും പാട്ടുകാരുമൊക്കെയുണ്ട്. ഇവരുടെ സര്‍ഗ്ഗവാസനകളെ പരിപോഷിക്കുന്നതിനായി ചിത്രരചനാ മല്‍സരം കവിയരങ്ങ് കലാകായിക മേള എന്നിവ സംഘടിപ്പിക്കുന്നു. ഒ എന്‍ വി കുറുപ്പും ഏഴാച്ചേരി രാമചന്ദ്രനും ഇവിടത്തെ കവിയരങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. മന്ത്രിമാര്‍ തുടങ്ങി സമൂഹത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരൊക്കെ തടവുകാരെ സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്‍ ജഗതി ശ്രീകുമാര്‍ ഓണസദ്യ ഉണ്ടത് തടവുകാര്‍ക്കൊപ്പമാണ്. ഇവര്‍ എഴുതിയ കഥകളും വരച്ച ചിത്രങ്ങളും കണ്ടാല്‍ സര്‍ഗ്ഗപ്രതിഭയുടെ മിന്നലാട്ടം കാണാം.



രണ്ടാംക്‌ളാസു വരെ മാത്രം പഠിച്ചിച്ചുള്ള ഒരു ജയില്‍പ്പുള്ളി മനോഹരമായി കഥ എഴുതിയിരിക്കുന്നു. ജീവിതത്തിലുണ്ടായ തീക്ഷ്ണമായ അനുഭവങ്ങളായിരിക്കാം ഇവരുടെ എഴുത്തിന് പ്രചോദനം. ലോകസാഹിത്യത്തിലെ മികച്ച കൃതികളില്‍ പലതും ജയിലറയിലെ അരണ്ട വെളിച്ചത്തില്‍ പിറന്നവയാണല്ലോ.



ശിക്ഷ കഴിഞ്ഞ് പുറത്തുപോകുന്നവര്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാന്‍ ഇവിടെ പ്രത്യേക തൊഴില്‍ പരിശീലനം നല്‍കുന്നുണ്ട്. ആശാരിപ്പണി, കൊല്‌ളപ്പണി, കവര്‍ നിര്‍മ്മാണം, പ്രിന്റിംഗ്, ബുക്ക് ബൈന്‍ഡിങ്ങ്, നൂല്‍ നൂല്‍പ്പ് അങ്ങനെ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മേഖലയില്‍ പരിശീലനം നല്‍കുന്നു. പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ശരിയാക്കിക്കൊടുക്കുന്നതിനും ജയില്‍ക്ഷേമ വകുപ്പ് ശ്രമിക്കുന്നുണ്ട്. തടവുകാരുടെ മക്കള്‍ക്ക് പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പും ഉന്നത വിദ്യാഭ്യസത്തിനുള്ള സഹായവും ചെയ്തുകൊടുക്കുന്നുണ്ട്. തടവറയിലെ ജീവിതത്തില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ ജീവിതമാകുന്ന പച്ചപ്പിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന എല്‌ളാ അന്തരീക്ഷവും ഇവിടെയുണ്ട്.











തടവുപുള്ളികള്‍ക്ക് പരാതി അധികം കാണില്ല. പക്ഷേ, ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ചില പരാതികളുണ്ട്. നിങ്ങള്‍ പത്രക്കാരും സമൂഹവും ധരിച്ചുവച്ചിരിക്കുന്നത് ഞങ്ങള്‍ ക്രൂരന്‍മാരും അഴിമതിക്കാരും ആണെന്നാണ്. എതെങ്കിലും ഒരു തടവുകാരന്‍ മരിച്ചാല്‍ ദുരൂഹസാഹചര്യത്തില്‍ തടവുപുള്ളി മരിച്ചു, ജയിലധികൃതര്‍ പീഡിപ്പിച്ചു... വി ഐ പി തടവുകാര്‍ക്ക് കണക്കറ്റ് സൗകര്യങ്ങള്‍ നല്കി, അഴിമതി നടത്തി തുടങ്ങിയ കഥകള്‍ പ്രചരിക്കുകയായി. യഥാര്‍ത്ഥത്തില്‍ വെറുക്കപ്പെട്ടവരുടെ ഇടയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇവരെ മെരുക്കിയെടുക്കുന്നത് പ്രയാസപ്പെട്ടകാര്യം തന്നെയാണ്. ഇവര്‍ എല്ലാവരും തന്നെ നല്ലവരാണ്. ചെയ്തുപോയ തെറ്റിനെ പശ്ചാതാപംകൊണ്ട് കഴുകി അവര്‍ ജീവിതത്തിലേക്ക് കടന്നുവരും. പുറത്തുള്ള ദുഷ്ടന്‍മാരെക്കാള്‍ ഇവരെ സ്‌നേഹിക്കാം, വിശ്വസിക്കാം. ഇവരും ഈ സമൂഹത്തിലെ ജീവികള്‍ തന്നെയാണ്.



തിരികെയിറങ്ങുമ്പോള്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ കയറി. തടവുപുള്ളികള്‍ക്കു വന്ന കത്തുകളും ക്രിസ്മസ്‌കാര്‍ഡുകളും കൂട്ടിയിട്ടിരിക്കുന്നു. ഓഫീസര്‍ ഓരോ കത്തും പൊട്ടിച്ചുവായിച്ചിട്ട് മാറ്റിവയ്ക്കുന്നു. ഞാന്‍ ഓര്‍ത്തു. ആ കത്തുകള്‍ക്കിടയില്‍ പ്രണയലേഖനങ്ങള്‍, അച്ഛന്റെയും അമ്മയുടെയും സുഖവിവരങ്ങള്‍, ഭാര്യയുടെയും മക്കളുടെയും അന്വേഷണങ്ങള്‍ ആവാം. കത്തുകള്‍ക്കിടയില്‍ നിന്ന് പച്ചകവറുള്ള ഒരു ക്രിസ്മസ് കാര്‍ഡ് എടുത്തുനോക്കി. കുഞ്ഞിപല്‌ളുകള്‍ കാട്ടി നിഷ്‌കളങ്കമായി ചിരിക്കുന്ന കുരുന്നുമുഖം. ഒപ്പം കുഞ്ഞാറ്റയുടെ ജീവന്റെ ജീവനായ അച്ഛനു ക്രിസ്മസ് ആശംസകളും ഒരായിരം പുന്നാര ഉമ്മകളും...

No comments: