Wednesday, April 6, 2011

മലയാളത്തിന്റെ മിഴിയാകാന്‍ സോന വരുന്നു


തമിഴ് മാദക റാണി സോന മലയാള സിനിമയില്‍. മിഴി എന്ന ചിത്രത്തിലെ പ്രധാന റോളില്‍ അഭിനയിക്കുന്ന സോന ഗ്ലാമര്‍ പരിവേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്ത മായി കാമ്പുള്ള സ്ത്രീ കഥാപാത്രവുമായിട്ടാണ് മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്. നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നവരുടെ കൂട്ടായ്മയായ യൂ പ്രോഡക്ഷനാണ് മിഴി ഒരുക്കുന്നത്. സംവിധാനം തേജസ് പെരുമണ്ണ. മാതൃഭൂമി മാനേജിംങ് എഡിറ്റര്‍ പി .വി ചന്ദ്രന്‍ പൂജ നിര്‍വ്വഹിച്ച സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആറിനു കോഴിക്കോടും പരിസരത്തുമായി ആരംഭിക്കുന്നു.

മിഴിയില്‍ പാറമട തൊഴിലാളിയുടെ വേഷത്തില്‍ എത്തുന്ന സോന ദുരന്തങ്ങളില്‍ പതറാതെ നിന്ന് വിധിയോട് പടവെട്ടുന്ന ശക്തമായ കഥാപാത്രത്തിനാണ് ജീവന്‍ നല്‍കുന്നത്. ദുരന്തങ്ങള്‍ കൂടെപിറപ്പായ ഒരു പെണ്‍ കുട്ടി പക്ഷേ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും തയ്യാറുള്ള നല്ല മനസിന് ഉടമയായിരുന്നു. പ്രതീക്ഷിക്കാതെ ഇറ്റിക്കര എന്ന ഗ്രാമത്തില്‍ എത്തിച്ചേരുന്ന അവളെ കാത്തിരുന്നത് മഹാദുരന്തങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവളും സംഹാരരുദ്രയായിമാറുന്നു. സ്ത്രീയുടെ പടവെട്ടലും പോരാട്ടവും ഒരു സമൂഹത്തെ തന്നെ മാറ്റിമറിക്കും എന്നതായിരിക്കും ചിത്രം നല്‍കുന്ന സന്ദേശം.

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അതില്‍ തന്നെ സാധാരണക്കാരന്റെ പച്ചയായ ജീവിത പ്രതിസന്ധികളെ മാത്രം വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ വിരളം. പലകാരണങ്ങള്‍ കൊണ്ട് ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഇല്ലാതെ പോകുന്നു ഇവിടെയാണ് മിഴി എന്ന ചിത്രം വ്യത്യസ്തമാകുന്നത്. ശക്തമായ പ്രമേയത്തിലും തിരക്കഥയിലും നിര്‍മ്മിക്കുന്ന ചിത്രം പ്രധിനിദാനം ചെയ്യുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനസമുഹത്തിലെ യാതനകള്‍ പേറുന്ന പെണ്‍കരുത്തിന്റെ വേറിട്ടഭാവങ്ങളാണ്. നല്ല സിനിമകളെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളി പ്രേക്ഷകര്‍ക്ക് മിഴി നല്‍കുന്നത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഒരു ദൃശ്യാനുഭവമായിരിക്കും എന്ന് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

സോനയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയയാകുന്ന പുതുമുഖം പൂജാ വിജയന്‍ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു . നെടുമുടി വേണു, ജഗതീ ശ്രീകുമാര്‍, മാമുക്കോയ, അശോകന്‍, അറ്റ്‌ലസ് രാമചന്ദ്രന്‍ , സുധീഷ്, ഐ എം വിജയന്‍, അനൂപ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, സീമാ ജി നായര്‍ , കുട്ട്യേടത്തിവിലാസിനി , കോഴിക്കോട് ശാരദ, അമ്പിളി എന്നിവരെ കൂടാതെ കഥാകൃത്തുക്കളായ പി ആര്‍ നാഥന്‍, യു കെ കുമാരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.


സംവിധായകന്‍ തേജസ് പെരുമണ്ണ ഇതിനു മുന്‍പ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥ സംവിധാനം ചെയ്യ്തിട്ടുണ്ട്. കഥയ്ക്ക് അനുയോജ്യമായ ഘടകങ്ങള്‍ വളരെ മനോഹരമായി കോര്‍ത്തിണക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ . കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് വൈക്കം ശ്രീ വര്‍മ്മയാണ്.


ഗാനരചന കൈതപ്രം, സംഗീതം സൂഫി അസി, കാമറ അജയ് പോള്‍ . പി. ആര്‍ .ഒ നാസ്സര്‍ മനക്കല്‍ . മലയാളത്തിന്റെ മിഴിയാകാന്‍ എത്തുന്ന സോനയ്ക്ക് മികച്ച കഥാപാത്രത്തിനെയാണ് കിട്ടിയിരിക്കുന്നത് ഒപ്പം മലയാള സിനിമയ്ക്കും.

No comments: