Friday, April 29, 2011

കാണാമറയത്ത്‌ കഥമെനഞ്ഞ്‌ മധു മുട്ടം


നാന്‍ താന്‍ നാഗവല്ലി ... ഡയലോഗ്‌ കേള്‍ക്കുമ്പോഴെ അറിയാം മണിചിത്രത്താഴിലേതാണെന്ന്‌ . ഗംഗയായും നാഗവല്ലിയായും എത്തി ശോഭനയും സൈക്യാട്രിസ്‌റ്റ്‌ സണ്ണിയായി മോഹന്‍ ലാലും തകര്‍ത്തഭിനയിച്ചപ്പോള്‍തമിഴില്‍ ചന്ദ്രമുഖിയിലൂടെ രജനീകാന്തും ജ്യോതികയും അതാവര്‍ത്തിച്ചു .

ഒരു സിനിമതന്നെ പല ഭാഷകളില്‍ ഇറങ്ങി കോടികള്‍ വാരി സൂപ്പര്‍ ഹിറ്റാകുക . ഫാസില്‍ സംവിധാനം ചെയ്യ്‌ത മണിചിത്രത്താഴ്‌ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വിജയക്കൊടി പാറിച്ചത്‌ കഥയുടെ മികവുകൊണ്ടുമാത്രമാണ്‌ . ഈ കഥാ പാത്രങ്ങള്‍ക്ക്‌ ജന്മം നല്‍കിയ ഒരാള്‍ ഇവിടെയുണ്ട്‌ .


അഭിനയിച്ചവരും സംവിധായകരും പ്രശസ്‌തിയുടെ ഉത്തുംഗതയില്‍ അഭിരമിക്കുമ്പോള്‍ എം.ടി യുടെ ആള്‍ക്കുട്ടത്തില്‍ തനിയെയിലെ കഥാപാത്രത്തെ പോലെ മധു മുട്ടം. സിനിമയെയും അഭിനേതാക്കളെയും എല്ലാവരും ആരാധിക്കും. പക്ഷേ ഇവര്‍ അഭിനയിക്കണമെങ്കില്‍ നല്ല കഥയും കഥാപാത്രങ്ങളും വേണമെന്നും നല്ല കഥാക്യത്തിന്റെ കഴിവിലാണ്‌ സിനിമയുടെ വിജയമെന്നും പ്രേക്ഷകര്‍ ഓര്‍ക്കാറില്ല . പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിന്റെ ഫ്രയിമില്‍ നിന്നു അവര്‍ ഔട്ട്‌ .


എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ , മണിചിത്രത്താഴ്‌ എന്നി സിനിമകള്‍ കാണുമ്പോള്‍ തിരക്കഥാകൃത്തായ മധുമുട്ടത്തിന്റെ പ്രതിഭ നമുക്കറിയാന്‍ സാധിക്കും. മലയാള സിനിമയിലെ കാമ്പുള്ള തിരക്കഥയ് ക്ക്‌ എടുത്തു പറയാവുന്ന ചിത്രങ്ങളാണിവ. 1951 ല്‍ ആലപ്പുഴ ജില്ലയിയില്‍ ജനനം . അമ്മ മീനാക്ഷിയമ്മ. അച്ഛന്‍ കുഞ്ഞു പണിക്കര്‍ . കൂടപ്പിറപ്പുകളായി ആരുമില്ല. വളരെ ചെറുപ്പത്തിന്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല . ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം കോളേജില്‍ അധ്യാപകനായി ജോലിചെയ്യ്‌തു . സര്‍പ്പം തുള്ളല്‍ എന്ന പേരില്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധികരിച്ച നോവലൈറ്റ്‌ ഫാസില്‍ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയാക്കി. ഇതാണ്‌ തിരക്കഥാ രംഗത്തേക്കുള്ള ആദ്യചുവടു വെയ്യ്‌പ്‌ പിന്നിട്‌ കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ , മണിചിത്രത്താഴ്‌, ഭരതന്‍ എന്നി ചിത്രങ്ങള്‍ ചെയ്യ്‌തു . ഇപ്പോള്‍ ഡോ.ലീനാ പ്രസാദ്‌ നിര്‍മ്മിച്ച്‌ ‌നവാഗത സംവിധായകനായ മഹാദേവന്‍ സംവിധാനം നിര്‍വ്വഹിച്ച കാണാകൊമ്പത്ത്‌ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു .തന്റെ മറ്റു ചിത്രങ്ങളിലെ പോലെ പുതിയ ചിത്രത്തിലും പ്രക്ഷകര്‍ ഇതുവരെ സഞ്ചരിക്കാത്തവഴികളിലൂടെ കൊണ്ടുപോകുമെന്ന്‌ ഉറപ്പ്‌ .യുവതലമുറക്ക്‌ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം ജൂണ്‍ പതിനാറിന്‌ റീലീസാകുന്നു . പ്രേക്ഷകരുടെ നെഞ്ചിടിപ്പുകൂട്ടിയ കഥയെഴുതിയ കഥാകാരന്‍ ഇപ്പോള്‍ തികച്ചും ഏകാന്തവാസത്തിലാണു .കായംങ്കുളത്തെ മുട്ടംഗ്രാമത്തലെ വീട്ടിലെക്കുള്ള വിജനമായ വഴിയിലൂടെ മലയാള സിനിമയിലെ പല പ്രശസ്‌‌തരും ഇപ്പോഴും എത്താറുണ്ട്‌ .


തന്റെ സിനിമയെ കുറിച്ചും എഴുത്തിനെ കുറിച്ചും മധുവിന്‌ ചിലതു പറയാനുണ്ട്‌ . മണിചിത്രത്താഴും കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടിയും മലയാള സിനിമയ് ക്ക്‌ തന്ന താങ്കള്‍ ഇപ്പോള്‍ ഒതുങ്ങിക്കുടിയുള്ള ജീവിതം നയിക്കുന്നു. എല്ലാവരും പ്രശസ്‌തരാകാനും കിട്ടിയ പ്രശസ്‌തി നിലനിര്‍ത്താനും ശ്രമിക്കുമ്പോള്‍ മുഖ്യധാരയില്‍ നിന്നൊരു

ഒളിച്ചോട്ടംമല്ലെ ഈ ജീവിതം ?

അത്‌ എന്റെ ഇഷ്ടമാണ്‌ .ഞാന്‍ ഒരിക്കലും പ്രശസ്‌തി ആഗ്രഹിച്ച്‌ എഴുതി തുടങ്ങിയ ആളല്ല .എഴുത്തു പോലും എന്റെ സ്വകാര്യതയാക്കാനാണ്‌ ആഗ്രഹം . പിന്നെ സിനിമ എന്റെ ജീവിതത്തില്‍ വഴിതെറ്റി കടന്നുവന്നതാണെന്നു പറയാം . തിരക്കഥ എഴുത്ത്‌ പ്രഫഷനായിട്ട്‌ ഞാന്‍ എടുത്തിട്ടില്ല . നിരന്തരം എഴുതി ക്കൊ ണ്ടിരിക്കുന്ന ആളൊന്നുമല്ല ഞാന്‍. എന്റെ തന്നെ ചില നിരീക്ഷണങ്ങള്‍, പഠനങ്ങള്‍ , ചിന്തകള്‍ ഒക്കെ കുറിച്ചുവയ്‌ക്കുന്നു .
ആദ്യസിനിമ ?

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ . 85 -86 കാലഘട്ടത്തില്‍ കായംങ്കുളത്ത്‌ പാരലല്‍ കോളേജ്‌ അധ്യാപകനായി ജോലിചെയ്യുന്ന കാലത്തായിരുന്നു ചിത്രം ഇറങ്ങിയത്‌.പണ്ട്‌ കോളേജില്‍ പഠിപ്പിച്ചിരുന്ന അധ്യാപിക ഫാസിലിന്റെ അയല്‍ വാസിയായിരുന്നു. അവര്‍ വഴിയാണ്‌ ഫാസിലിനെ പരിചയപ്പെടുന്നത്‌ .ഞാന്‍ എഴുതിയ സര്‍പ്പം തുള്ളല്‍ എന്ന നോവല്‍ കുങ്കുമം വാരികയില്‍ വന്നത്‌ ഫാസില്‍ കാണുകയും തിരക്കഥയെഴുതാന്‍ പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നു . പിന്നെ കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ മണിചിത്രത്താഴ്‌ അങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍മാത്രം .

കാക്കോത്തിക്കാവിലും മണിചിത്രത്താഴിലും മൊക്കെ ഓരോ മിത്തുകള്‍കടന്നുവരുന്നുണ്ട്‌ യക്ഷി,സര്‍പ്പക്കാവ്‌ അങ്ങനെ പലതും ?


ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്‌ ഇതിനെ പറ്റി .എന്റെ വീടിന്റെ പരിസരത്തു തന്നെ നടന്നകാര്യങ്ങളാണ്‌ ഈ കഥയിലൊക്കെ. കാവും പാലയും യക്ഷിയുമൊക്കെ അങ്ങനെ വന്നിരിക്കുന്നതാണ്‌ . ബാല്യകാലത്തുണ്ടായ ചില അനുഭവങ്ങള്‍, കൗതുകങ്ങള്‍ , തോന്നലുകള്‍ എല്ലാം മനസിലങ്ങനെ കിടന്ന്‌ എന്റെ തന്നെ ചിന്തകളില്‍ ഒരു കഥമായി രൂപപ്പെടുന്നു .കഥാപാത്രങ്ങളെകൊണ്ട്‌ ഞാന്‍ എന്റെ ചിന്തകളില്‍ വന്നതൊക്കെ ചെയ്യിപ്പിച്ചു . ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ഭാവനയുടെ ഉപകരണങ്ങളാക്കി അവരെ മാറ്റി എന്നു വേണമെങ്കില്‍ പറയാം .

മണിചിത്രത്താഴ്‌ മലയാള സിനിമക്ക്‌ തന്നെ വ്യത്യസ്ഥമായ അനുഭവമായിരുന്നു സൈക്കോളജിയും പുജയും മന്ത്രവാദവും ?

മണിചിത്രത്താഴ്‌ എന്റെ വീടിനടുത്തുള്ള ഒരു പ്രശസ്‌തമായ തറവാട്ടില്‍ നടന്നതാണ്‌ .കൊല്ലും കൊലയും ഒക്കെയുണ്ടായിരുന്ന ആ തറവാടിനെപറ്റിയുള്ള കഥ ചെറുപ്പത്തില്‍ പറഞ്ഞു തന്നിരുന്നു . പിന്നെ എന്റെ മനസിലുണ്ടായ ചില സംഭ്രമചിന്തകളും ചേര്‍ന്നപ്പോള്‍ കഥയായി . മുട്ടത്ത്‌ ഇത്തരത്തിലുള്ള നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സംഭവിച്ചെന്നു പറയപ്പെടുന്ന ഈ കഥകള്‍ എഴുത്തിന്‌ ഒരു ക്രാഫ്‌റ്റ്‌ ആയി സ്വീകരിച്ചു . ചിത്രത്തിന്റെ പകര്‍പ്പവകാശത്തെ കുറിച്ചുണ്ടായ വിവാദങ്ങള്‍ ?

അത്‌ കോപ്പിറൈറ്റിന്റെ പ്രശ്‌നമാണ്‌ . ചിത്രം പല ഭാഷകളില്‍ എടുത്തപ്പോള്‍ എഴുത്തുകാരനായ എന്റെ അനുവാദം ചോദിച്ചില്ല .സിനിമ സാമ്പത്തികമായിമുന്നേറുന്നത്‌ നമ്മളെ സംബന്ധിച്ച്‌ വളരെ സന്തോഷമുള്ള കാര്യമാണ്‌ പക്ഷേ കാ മറക്കു മുന്‍പില്‍ മാത്രമല്ല പിന്നിലും പ്രവര്‍ത്തനങ്ങളുണ്ട്‌ എന്ന്‌ എല്ലാവരുംമനസിലാക്കണം . ഞാന്‍ എനിക്കു വേണ്ടിയല്ല എല്ലാ എഴുത്തുകാരുടെയും ധാര്‍മ്മിക അവകാശത്തിനു വേണ്ടിയാണ്‌ സംസാരിച്ചത്‌ .
മലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന സിനിമകളിലെ തിരക്കഥയുടെ സ്വഭാവം വിലയിരുത്താമോ ?

ഞാന്‍ പുതിയ സിനിമകള്‍ഒന്നും കാണാറില്ല. എങ്കിലും മനസിലുള്ള ഒരു ഊഹം വച്ച്‌ പറയുകയാണെങ്കില്‍ ഇന്നു ബിസിനസ്‌ ചായ്‌വിലാണ്‌ ചിത്രങ്ങള്‍ ഒരുക്കുന്നത്‌ സാമ്പത്തികമായി പടം വിജയിക്കണം അത്‌ നല്ലതാണ്‌ . സാധാരണക്കാര്‍ക്ക്‌ സിനിമ ആസ്വദിക്കാന്‍ പറ്റണം ഒപ്പം പടം വിജയിക്കുകയും വേണം. ആ ഒരു പാറ്റേണിലെ കഥകളാണിറങ്ങുന്നത്‌. പക്ഷേ വ്യത്യസ്‌തത വന്നില്ലെങ്കില്‍ മൊത്തത്തില്‍ ഒരു മടുപ്പ്‌ ഉണ്ടാകും
പുതിയ ചിത്രമായ കാണാകൊമ്പത്തിനെ കുറിച്ച്‌ ?

യുവജനങ്ങള്‍ക്കു വേണ്ടിയുള്ള കഥയാണിത്‌ . ഇന്നത്തെ കമ്പോള വല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യസം ചെലുത്തുന്ന സ്വാധീനങ്ങള്‍ അതുമൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്‌ ഈ സിനിമയിലൂടെ .വിദ്യാഭ്യസം മാത്രമല്ല മെഡിക്കല്‍ രംഗത്തെ മരുന്നുകളെ കുറിച്ചും പ്രദിപാദിക്കുന്നു ‌. കൂടാതെ ഗതാഗതമന്ത്രി ജോസ്‌തെറ്റയില്‍ കെ എസ്‌ ആര്‍ടിസി കണ്ടക്ടറായി അഭിനയിക്കുന്നുണ്ട്‌. നാന്‍ മഹാനല്ലൈ എന്ന തമിഴ്‌ ചിത്രത്തിലെ വില്ലന്‍ വിനോദ്‌ കിഷനാണ്‌ നായകന്‍ .മൈഥിലി നായികയും ബിജു മേനോന്‍ ,നെടുമുടി വേണു ,കെ പി എസി ലളിത ,സുരാജ്‌ വെഞ്ഞാറമൂട്‌ ,കല്‍പ്പന എന്നിവരും വേഷമിടുന്നു . മണിച്ചിത്രത്താഴിലെ പോലെ അമ്പരിപ്പിക്കുന്ന ഒരു ക്ലൈമാക്‌സ്‌ പ്രതീക്ഷിക്കാമോ ? അത്‌ സിനിമകാണുമ്പോള്‍ മനസിലാകും . മറ്റാരും ചിന്തിക്കാത്ത ഒരു വ്യത്യസ്‌തത ഇതിലും പ്രതീക്ഷിക്കാം

തിരക്കഥയല്ലാതെ മറ്റെന്തെങ്കിലും ? വരുവാനില്ലാരുമീ വിജനമാം ..എന്നപാട്ട്‌ ഹിറ്റായിരുന്നല്ലോ?

എഴുതാറുണ്ട്‌ . മധുമുട്ടം വലിയ സംഭവ ബഹുലനായ എഴുത്തുകാരനൊന്നുമല്ല . വലിയ വിലയുള്ള എഴുത്തൊന്നും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല .കാണാകൊമ്പിനു വേണ്ടിയൊരു പാട്ട്‌ ചിട്ട പ്പെ ടുത്തിയിട്ടുണ്ട്‌ . ഇപ്പോഴത്തെ ജീവിതം എങ്ങനെ ? പ്രായത്തിന്റെ അരിഷ്ടതകള്‍ ഇല്ലാതില്ല. എങ്കിലും ഞാന്‍ സംതൃപ്‌തനാണ്‌. ദിവസവും വായനയ് ക്ക്‌ മുടക്കമൊന്നുമില്ല. വേദങ്ങളും ഉപനിഷത്തുകളും വിശദമായി വായിക്കാറുണ്ട്‌ പിന്നെ അല്‍പ്പം കൃഷി. അങ്ങനെ പോകുന്നു ഇപ്പോഴത്തെ ജീവിതം .

ചിലര്‍ ഇങ്ങനെയാണ്‌ ലോകം മുഴുവനും ആഘോഷത്തിലമരുമ്പോള്‍ തന്റെ മാത്രമായ ഒരു ലോകം സൃഷ്ടിച്ച്‌ അതില്‍ സംത്യപ്‌തനാകുന്നു .സ്വയം പര്‍വ്വതീകരിക്കാന്‍ ശ്രമിക്കാതെ എല്ലാത്തില്‍ നിന്നും ഒരു ഉള്‍വലിയല്‍ .പക്ഷേ നമ്മള്‍ പലപ്പോഴും ആസ്വദിക്കുന്നത്‌ ചിലപ്പോള്‍ ഇത്തരക്കാരുടെ വിരസമായ ചിന്തകളില്‍ ഉരുത്തിരിഞ്ഞ പൊട്ടും പൊടിയുമായിരിക്കും . പലവട്ടം പുക്കാലം വഴിതെറ്റിപ്പോയെങ്കിലും നിനയാത്ത നേരത്ത്‌ എത്തുന്ന മധുമാസം ഒരു മാത്ര കൊണ്ടുവരാതിരിക്കില്ല .. എകാന്ത പ ഥി കനായി .... ഒന്നും പ്രതീക്ഷിക്കാതെ ..കഥയുടെ കാണാകൊമ്പിലെ കൂ ട്ടില്‍ നമുക്കു പ്രിയമുള്ളതെന്തോ മെനയുകയാണ്‌ മധുമുട്ടം .

No comments: