Thursday, April 21, 2011

സംഗീതത്തിന്റെ സൗപര്‍ണ്ണികയില്‍ നീരാടി കൈതപ്രം


രാഖി എസ്‌ നാരായണന്‍

ദേവദുന്ദുഭിയുടെ സാന്ദ്രലയമായ്‌ വന്ന്‌ സംഗീതത്തിന്റെ സൗപര്‍ണ്ണികാ തീരത്ത്‌ ദേവസഭാതലം തീര്‍ത്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലയാള സിനിമയില്‍ രജത ജൂബിലി കഴിഞ്ഞതിന്റെ നിറവിലാണ്‌.

കൈതപ്രം ഗ്രാമത്തിലെ വണ്ണാത്തിപ്പുഴയുടെ തീരങ്ങളില്‍ പൂജാമന്ത്രങ്ങള്‍ ഉരുവിട്ടുനടന്ന കണ്ണാടി ഇല്ലത്തെ ശാന്തിക്കാരന്‍ ഇന്ന്‌ ഗാന രചയിതാവ്‌,സംഗീത സംവിധായകന്‍ ,കവി,നടന്‍ ,തിരക്കഥാകൃത്ത്‌ ,ഗായകന്‍ ഒടുവില്‍ സിനിമാ സംവിധായകനുമായി വളര്‍ന്ന്‌ കലയുടെ മഴവില്ലിനറ്റം വരെയായി .


1985 ല്‍ ഫാസില്‍ സംവിധാനം ചെയ്യ്‌ത എന്നെന്നും കണ്ണേട്ടന്‍ എന്ന ചിത്രത്തിനു പാട്ടുകള്‍ എഴുതികൊണ്ടാണ്‌ കൈതപ്രം ദാമോദരന്‍ നമ്പുതിരി സിനിമാ രംഗത്തേക്കു കടന്നുവരുന്നത്‌ . മലയാള സിനിമാ ഗാനരചനാ രംഗത്ത്‌ കൈതപ്രത്തിന്റെ തൂലികയിന്‍ നിന്നും അടര്‍ന്നു വീണ വരികളില്‍ ഗൃഹാതൃരത്വംത്തിന്റെ നനുത്ത സ്‌പര്‍ശമുണ്ട്‌ ,വേദനയുണ്ട്‌ , ത്രസിപ്പിക്കുന്ന മാന്ത്രിക ഭാവങ്ങളുണ്ട്‌ .



കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കൈതപ്രം കണ്ണാടി ഇല്ലത്ത്‌ കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950 ല്‍ ജനിച്ചു .സംഗീത പാരമ്പര്യമുള്ള കുംടുംബമായിരുന്നു അദ്ദേഹത്തിന്റെത്‌ . കുടുംബപ്രാരാബ്‌ദം മൂലം പലക്ഷേത്രങ്ങളിലും ശാന്തി വൃത്തിചെയ്യ്‌തു ജീവിച്ചിരുന്ന അദ്ദേഹം ജന്‍മനാ കിട്ടിയിരുന്ന സംഗീത അഭിരുചി കൈവിട്ടിരുന്നില്ല . പഴശ്ശി തമ്പുരാന്‍,കെ .പി പണിക്കര്‍ ,എസ്‌ .വി .എസ്‌ നാരായണന്‍ എന്നിവരുടെ കീഴില്‍ സംഗീതാഭ്യാസം നടത്തിയിരുന്നു. 1970 കളില്‍ കവിതാ-ഗാനരംഗത്തേക്കു കടന്നു വന്ന അദ്ദേഹം നരേന്ദ്രപ്രസാദിന്റെ നാട്യഗ്രഹം എന്ന നാടക സംഘത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു .1980 ല്‍ മാതൃഭൂമിയില്‍ പ്രൂഫ്‌ റീഡറായി ജോലി നോക്കുമ്പോഴായിരുന്നു ഫാസിലിനെ പരിചയപ്പെടുന്നതും എന്നെന്നും കണ്ണേട്ടന്‍ എന്ന സിനിമയില്‍ അവസരം ലഭിക്കുന്നതും .ആദ്യചിത്രം തന്നെ ഹിറ്റായി പിന്നിട്‌ ഗാനരചനയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംഗീതത്തില്‍ ഗവേഷണം കൂടിനടത്തുന്ന അദ്ദേഹം കോഴിക്കോട്‌ ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള സ്വാതി തിരുനാള്‍ കലാകേന്ദ്രം സംഗീതം പഠിക്കുന്നവര്‍ക്ക്‌ ഒരു അനുഗ്രഹ കലാ കേന്ദ്രമാണ്‌ . ഗവേഷണത്തിന്റെ ഭാഗമായി സംഗീതത്തിനു രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള പ്രചരണത്തിനായി നിരവധി സ്ഥലങ്ങില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌ .ഭാര്യ ദേവി മക്കള്‍ ദേവവൃതനും ,ദീപാങ്കുരനും .ദീപാങ്കുരന്‍ മലയാളികള്‍ക്ക്‌ ഇപ്പോള്‍ തന്ന സുപരിചിതനാണ്‌ .കൈതപ്രം തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ദീപാങ്കുരനാണ്‌ .

എകേദേശം 500 ഓളം ചിത്രങ്ങള്‍ക്കു ഗാനരചന നിര്‍വ്വഹിച്ചു കഴിഞ്ഞ കൈതപ്രത്തിന്റെ മാസ്റ്റര്‍ പീസുകള്‍ നിരവധിയാണ്‌ .ഹിസ്‌ ഹൈനസ്‌ അബ്ദുള്ള,ഭരതം,ദേശാടനം ,പൈതൃകം,കളിയാട്ടം,തട്ടകം ,എന്ന്‌ സ്വന്തം ജാനകികുട്ടി ,നിവേദ്യം തുടങ്ങി പോക്കിരി രാജവരെ എത്തിനില്‍ക്കുന്നു .മലയാള മനസ്സുകളെ വാല്‍ക്കണ്ണെഴുതിയ മകരനിലാവിലെ മാമ്പുമണൊഴുകിയ പാട്ടുകളാലലിയിപ്പിച്ച കൈതപ്പുറത്തിന്റെ ഇത്തിരി വിശേഷങ്ങളിലേക്ക്‌...

പാരമ്പര്യമായി കിട്ടിയ വൈദികവൃത്തിയില്‍ നിന്ന്‌ ഗാനരചനയിലേക്കുവന്നു . ഇപ്പോള്‍ അറിയപ്പെടുന്ന ഒരു കലാകാരനായിമാറി സിനിമാ ഗാനരംഗത്തേക്കു വരാനുള്ള സാഹചര്യം ?

ഫാസിലാണ്‌ എന്നെന്നും കണ്ണേട്ടന്‍ എന്ന സിമയ്‌ക്കു ഗാനരചനക്കായി എന്നെ സമീപിച്ചത്‌ .കഥയുടെ പശ്ചാത്തലമൊക്കെ പറഞ്ഞുതന്നു .ആ ഒരു മൂഡ്‌ വച്ചാണ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്‌ അവയെല്ലാം തന്നെ സിനിമയ്‌ക്ക്‌ അനുയോജ്യമാകുകയയും ചെയ്യ്‌തു.

എഴുതിയ എല്ലാപാട്ടുകളിലും പഴമയുടെ ഗൃഹാതൃരത്വം നിറഞ്ഞവരികളാണല്ലോ സ്വന്തം ജീവിത അനുഭവങ്ങള്‍ തന്നെയാണോ പ്രചോദനം ?


ഞാന്‍ ജീവിച്ച ചുറ്റുപാടുകള്‍ ,എന്റെ സംസ്‌ക്കാരം അതാണ്‌ എന്റെ എഴുത്തിന്‍ മുദ്രചാര്‍ത്തിയിട്ടുള്ളത്‌ .മലയാളസിനിമയ്‌ക്ക്‌ അത്‌ ആവശ്യമായിരുന്നു .സിനിമയ്‌ക്ക്‌ വേണ്ടത്‌ എന്താണോ അത്‌ എന്നില്‍ നിന്ന്‌ ലഭിച്ചു അത്‌ എന്റെ വളര്‍ച്ചക്ക്‌ കാരണമായി .


ഇതുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ ?


ദേശാടനത്തിലെയും,പൈതൃകത്തിലെയും പാട്ടുകളാണ്‌ എനിക്ക്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്‌


പുതിയ തലമുറക്കുവേണ്ടി എഴുതുമ്പോള്‍ ?

ന്യൂ ജനറേഷനുവേണ്ടിയും ഞാന്‍ എഴുതിയിട്ടുണ്ട്‌ പക്ഷേ ആ പാട്ടുകളൊക്കെ ശ്രദ്ധിച്ചാല്‍ അറിയാം എല്ലാം മലയാളത്തനിമയുള്ള വരികളാണ്‌

ഒരുപാട്‌ കഷ്ടപാടുകള്‍ അറിഞ്ഞു ജീവിച്ച വ്യക്തിയാണല്ലോ ആ അനുഭവങ്ങള്‍ എതെങ്കിലും പാട്ടുകള്‍ എഴുതുന്നതിനു പ്രചോദനമായിട്ടുണ്ടോ?

തീര്‍ച്ചയായും .ദു :ഖ സാന്ദ്രമായ പാട്ടുകള്‍ എഴുതുമ്പോള്‍ ഞാന്‍ കടന്നു വന്ന ദുരിത സാഹചര്യങ്ങളെ കുറിച്ച്‌ ഓര്‍ക്കാറുണ്ട്‌. സംഗീതം സ്വാന്തനമാണ്‌ എല്ലാവര്‍ക്കും നല്‍കുന്നത്‌ എല്ലാ ദു : ഖങ്ങളെയും അത്‌ ശമിപ്പിക്കുന്നു .രോഗങ്ങള്‍ വരെ സംഗീതം കൊണ്ട്‌ സുഖപ്പെടുമെന്ന്‌ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.


ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,നടന്‍,കവി ഇപ്പോള്‍ സിനിമാ സംവിധാനവും പുതിയ ചിത്രത്തെ കുറിച്ച്‌ ?



ഞാന്‍ തന്നെ എഴുതിയ കഥയാണ്‌ മഴവില്ലിനറ്റംവരെ എന്ന സിനിമ. ഈ ലോകം ഇന്ന്‌ കപടതകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു എങ്ങും പരസ്‌പരം കലഹിക്കുന്നവരും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നവരും മാത്രം . ഇതിനെതിരെ പ്രതികരിക്കുന്നതാണ്‌ എന്റെ ചിത്രം .ഇതില്‍ ഒരു സന്ദേശം അടങ്ങിയിട്ടുണ്ട്‌ എനിക്കി ലോകത്തോട്‌ പറയാനുള്ളതാണ്‌ ചിത്രത്തിലുള്ളത്‌ .വസുദൈവ കുടുംബകം എന്നാണല്ലോ ജാതിയും മതവുമില്ലാത്ത ഒരു ലോകം വരണം.


ചിത്രത്തിന്റെ അണിയറവിശേഷങ്ങള്‍ ?

മെയ്‌ പത്തിനു ചിത്രം റീലിസാകുന്നു അതിന്റെ ശബ്ദ മിശ്രണം നടന്നു കൊണ്ടിരിക്കുന്നു. അബ്ബാസ്‌ ഹസ്സനാണ്‌ നായകന്‍.ഒരു പാകിസ്ഥാന്‍ക്രിക്കറ്ററുടെ കഥ പറയുന്ന ചിത്രത്തില്‍ അര്‍ച്ചനാ കവിയാണ്‌ നായിക .കൂടാതെ മധു,കവിയൂര്‍ പൊന്നമ്മ, സലിം കുമാര്‍ ,സായികുമാര്‍ എന്നിവരോടൊപ്പം ക്രിക്കറ്റ്‌ താരങ്ങളായ കപില്‍ ദേവ്‌ ,സെയ്‌ദ്‌ കിര്‍മാനി,റോജര്‍ ബിന്നി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .സംഗീതം ദീപാങ്കുരന്‍ ചെയ്യുന്നു. വളരെ വ്യത്യസ്ഥത അനുഭവപ്പെടുന്ന പാട്ടുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ . എ . മുകുന്ദനാണ്‌ നിര്‍മ്മാണം ശ്രീ ഗോകുലം ഫിലിംസാണ്‌ ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്‌ .പിന്നെയും ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്‌



സംഗീതത്തിന്റെ മാസ്‌മരികതയില്‍ ചാലിച്ച്‌ ഈ നാട്ടിന്‍പുറത്തുകാന്‍ നമുക്കു പകര്‍ന്നു നല്‍കിയ ഗാനങ്ങള്‍ക്ക്‌ തുളസിക്കതിരിന്റെ വിശുദ്ധിയും പൊന്നുഷ സന്ധ്യയുടെ ചാരുതയുമുണ്ട്‌ .ആന്മാവിന്റെ അഗാത തലങ്ങളിലേക്ക്‌ കാന്തം പോലെ വലിച്ചു കൊണ്ടു പോകുന്ന വരികള്‍ മയില്‍പീലിതുണ്ടുകളായി കാലത്തിന്റെ പുസ്‌തകതാളുകളില്‍ അടുക്കിവെയ്‌ക്കാന്‍ മലയാളിക്ക്‌ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച കൈതപ്രം നമുക്കു കിട്ടിയ പുണ്യമാണ്‌ .

No comments: