Sunday, May 29, 2011

ശബ്ദത്തിന്റെ പത്തരമാറ്റ് തങ്കം


രാഖി എസ് നാരായണന്‍

തിരുവനന്തപുരത്തെ വഴുതയ്ക്കാടുള്ള ഷോര്‍ട്ട്‌സ്‌റ്റേ ഹോം . ടെലിവിഷനില്‍ ഒരു പഴയ മലയാള ചിത്രം നടക്കുന്നു
ശാരദ പ്രണയാതുരമായി സത്യനോട് കൊഞ്ചികുഴയുകയാണ് . ടെലിവിഷന്റെ തൊട്ടടുത്ത് വലിയപൊട്ടൊക്കെ തൊട്ട് ഒര അമ്മ ഇരിക്കുന്നു . ശാരദ പറയുന്നത് എന്റെ ശബ്ദമാണ് ആ അമ്മ പറഞ്ഞു . അതേ അതു സത്യമായിരുന്നു പഴയകാല ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റ് പാലാ തങ്കംമായിരുന്നു അത് . ആയിരത്തിലധികം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യ്തു 400 സിനിമകളില്‍ അഭിനയിച്ചു നിരവധി നാടക സമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള തങ്കം ഇന്ന് ആരോരുമില്ലാതെ ആരോരുമറിയാതെ തന്റെ പഴയകാല ഓര്‍മ്മകളുടെ പച്ചപ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്ന്യധ്യമായിരുന്നു അവര്‍ ഷീല, ജയഭാരതി, ശാരദ, തുടങ്ങി പഴയകാലത്തെ ഒട്ടുമിക്ക താരങ്ങള്‍
ക്കും ശബ്ദം കൊടുത്തിട്ടുള്ള തങ്കത്തിന്റെ മാസ്റ്റര്‍ പീസ് ഹൊറര്‍ ചിത്രമായ ലിസയാണ് . സത്യന്റെയും നസീറിന്റെയും അമ്മയായിട്ടും നിരവധി ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായും തിളങ്ങിയ അവര്‍ എന്‍ .എന്‍ .പിള്ളയുടെയും , പി ജെ ആന്റെണിയുടെയും നാടക ട്രൂപ്പിലെ മികവുറ്റ നടി കൂടിയായിരുന്നു . കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തങ്കത്തെ കലാരംഗത്ത് എത്തിച്ചത് . എന്നാല്‍ കലയില്‍ നിന്നും ഒന്നും സമ്പാദിക്കാനാകാതെ വേദനിക്കുന്ന മനസ്സുമായി ഒറ്റപ്പെട്ടു കഴിയുന്ന തങ്കത്തിന് ഇന്ന് ആരോടും പരാതി ഇല്ല . ഇപ്പോഴും തന്റെ അവസ്ഥ അറിഞ്ഞ് കലാരംഗത്തേക്ക് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ എന്ന് ആ മനസ്സു കൊതിക്കുന്നു . ഞാന്‍ എങ്ങനെ ഇവിടെ എത്തി തങ്കം പറഞ്ഞു തുടങ്ങി.

പാട്ടു പാടാന്‍ കൊതിച്ചകാലം....

കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് അരുണാപുരത്ത് രാഘവന്‍ നായരുടെയും ലക്ഷമി കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനിച്ചത് . കുട്ടിക്കാലം മുതല്‍ പാട്ടു പാടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ പുലിയന്നുരിലുള്ള വിജയന്‍ ഭാഗവതരുടെയടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ന്നു . പിന്നീട് എന്റെ ഇളയച്ഛന്‍ ചങ്ങനാശ്ശേരിയിലുള്ള ലക്ഷമീപുരം കൊട്ടാരത്തിലെ എ .പി .ആര്‍ വര്‍മ്മയുടെ അടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ത്തു . അവിടത്തെ എന്റെ സഹപാഠിയായിരുന്നു കവിയൂര്‍ പൊന്നമ്മ . പഠനത്തിനിടയില്‍ സത്യന്റെ കെടാവിളക്ക് എന്ന സിനിമയില്‍ താമരമലരു പോല്‍... എന്ന പാട്ടു പാടാന്‍ അവസരം ലഭിച്ചു. മദ്രാസിലായിരുന്നു റെക്കോഡിംങ്ങ് എന്നാല്‍ ചിത്രം പുറത്തുവന്നില്ല . മദ്രാസില്‍ നിന്നും തിരിച്ചു വന്ന എനിക്ക് പാലായിലെ പള്ളികളിലെ പരിപാടികളില്‍ പാടുവാന്‍ അവസരം ലഭിച്ചു .പിന്നിട് എന്റെ കഴിവു മനസ്സിലാക്കി നാട്ടുകാരാണ് എന്നെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് പറയാം .പാലായിലെ നിരവധി ക്ലബ്ബുകളിലും നാടകസമിതികളിലും പാടിയിരുന്ന എന്നെ നാട്ടുകാര്‍ പാലാ തങ്കം എന്നു വിളിച്ചു.

നാടകത്തിലേക്ക്..

എന്‍ .എന്‍ .പിളള സാറിന്റെ വിശ്വകേരള എന്ന നാടകട്രുപ്പിലാണ് എനിക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നത് . ജീവിതത്തിലെ വഴിത്തിരിവായിരുന്നു വിശ്വകേരളയില്‍ അംഗമായത് . ഒരു മകളെ പോലെയാണ് പിള്ള സാര്‍ എന്നെ സ്‌നേഹിച്ചത് . അഭിനയത്തില്‍ എന്റെ ഗുരുകുലം എന്നു തന്നെ പറയാം വിശ്വകേരള . പിന്നിട് ചങ്ങനാശ്ശേരീ ഗീതാ തീയറ്റേഴ്‌സില്‍ നാലുവര്‍ഷം അഭിനയിച്ചു . പിജെ ആന്റണി ,ഗോവിന്ദന്‍ കുട്ടി എന്നീ പ്രമുഖരുടെ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. ആ സമയത്തെക്കെ നാടകം എന്നത് എല്ലാവരും ആസ്വദിക്കുന്ന ഒന്നായിരുന്നു ഇന്നത്തെ പോലെ ടെലിവിഷന്‍നൊന്നുമില്ലായിരുന്നു .

ഉദയാസ്റ്റുഡിയോയില്‍ നിന്നൊരു വിളി..

ഉദയാസ്റ്റുഡിയോയിലെ കുഞ്ചാക്കോമുതലാളി പാലാ യൂണിവേഴ്‌സല്‍ തീയറ്ററിലേക്കു വിളിച്ച് തങ്കത്തിന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യംമുണ്ടോ എന്ന് ചോദിച്ചു . എനിക്ക് അതുകേട്ടപ്പോള്‍ സന്തോഷമായി പക്ഷേ വീട്ടില്‍ സമ്മതിക്കില്ലായിരുന്നു പക്ഷേ എന്റ വാശി പിടുത്തത്തിനൊടുവില്‍ അമ്മ സമ്മതം മൂളി .ഉദയാസ്റ്റുഡിയോയില്‍ ചെന്ന് കുഞ്ചാക്കോ മുതലാളിയെ കണ്ടു സത്യന്റെ കടലമ്മ എന്ന സിനിയില്‍ ചെറിയൊരു വേഷമായിരുന്നു ചെയ്യ്തത് . പിന്നിട് ഉദയായുടെ തന്നെ ചിത്രമായ റബേക്കയില്‍ സത്യന്റെ അമ്മയായി അഭിനയിച്ചു അത് വളരെ മികച്ച കഥാപാത്രം മായിരുന്നു .

നാടകത്തെ കൈയ്യൊഴിയാതെ ...

സിനിമയില്‍ ചെറിയ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും നാടകാഭിനയം തുടര്‍ന്നു പോന്നിരുന്നു .അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എന്റെ ഫോട്ടോ സഹിതം ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു ഹിന്ദിയിലെ ഒരു പ്രമുഖ നടിയുമായി താതതമ്യപ്പെടുത്തികൊണ്ടുളളതായിരുന്നു ലേഖനം .അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു . പിന്നിട് കെ .പി .എസിയുടെ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല് ,മൂലധനം എന്നി നാടങ്ങളില്‍ അഭിനയിച്ചു .ഇതിനിടക്ക് എന്റെ കല്ല്യണം കഴിഞ്ഞു .തിരുവനന്തപുരം കൈതമുക്കിലുള്ള ശ്രീധരന്‍ തമ്പിയെയാണ് വിവാഹം കഴിച്ചത് പോലീസ് ഓഫീസറായിരുന്നു അദ്ദേഹം . മുന്നു മക്കളുണ്ടായി രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. നാടക അഭിനയം അപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു .പൊന്‍കുന്നം വര്‍ക്കിയുടെ നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോളാണ് ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നത് . ജീവിതം വഴിമുട്ടിയ അവസ്ഥ തന്നെയായിരുന്നു അത് മനസ്സ് പതറിപ്പോയ നിമിഷങ്ങള്‍ . എന്റെ മക്കളെ നന്നായി വളര്‍ത്തണം എന്നായിരുന്നു എന്റെ ചിന്ത

ജീവിക്കുവാനായി സിനിമയിലേക്ക്

ദൈവത്തിന്റ അനുഗ്രഹം കൊണ്ടാണെന്നുപറയാം ഭാസ്‌ക്കരന്‍ മാഷിന്റെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിന്‍ നല്ലൊരു അമ്മ വേഷം ലഭിച്ചു പിന്നിട് ഇന്നല്ലങ്കിനല്‍ നാളെ ,നിറകുടം,കലിയുഗം,ഏണിപ്പടികള്‍ ,അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി നിരവധി സിനിമകള്‍ ചെയ്യ്തു .എന്റെ ശബ്ദം നല്ലതായിരുന്നതുകൊണ്ട് നായികമാര്‍ക്ക് ശബ്ദം കൊടുക്കുവാനും തുടങ്ങി .അക്കാലത്തിറങ്ങിയ എതാണ്ട് തൊണ്ണുറു ശതമാനം സിനിമകളിലും നായികമാര്‍ക്കും ,സഹ നടികള്‍ക്കു മൊക്കെ ഞാന്‍ ശബ്്ദം നല്‍കിയിരുന്നു. ബോബനും മോളിയും സിനിമയില്‍ ബോബനു വേണ്ടിയും കൃഷ്ണാ ഗുരുവായൂരപ്പായില്‍ ബേബി ശാലിനിക്കു വേണ്ടിയും ഡബ്ബു ചെയ്യ്തു . ലിസ സിനിമക്കുവേണ്ടി പതിനഞ്ചു ദിവസം വിശ്രമില്ലാതെ ജോലി ചെയ്യ്തുതു വഴി തൊണ്ടയൊക്കെ പൊട്ടി ചോരവന്നു അവസാനം കിടപ്പിലായി. മനുഷ്യരുടെതു മാത്രമല്ല പക്ഷികള്‍ക്കും ,മൃഗങ്ങള്‍ക്കും ഒക്കെ ശബ്ദം നല്‍കിയിരുന്നു കലയെന്നാല്‍ ആത്മസമര്‍പ്പണമാകണം എന്തെങ്കിലും കാട്ടികൂട്ടിയിട്ട് കാര്യമില്ല. ഇന്നും മലയാള സിനിയയില്‍ ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട പരിഗണനകിട്ടുന്നുണ്ടോ. ഇന്ന് അത്യാധുനീക സൗകര്യങ്ങളുള്ള സ്റ്റുഡിയോയൊക്കയുണ്ട് അന്നത്തെകാലത്ത് വളരെ കഷ്ടപ്പെട്ടാണ്്് ജോലിചെയ്യുന്നത് .നായികയുടെ അഭിനയം പൂര്‍ണ്ണമാകണമെങ്കില്‍ സംഭാഷണം നന്നായിരിക്കണം .


അവസരങ്ങള്‍ കുറയുന്നു..

നമ്മള്‍ സഹായിച്ചവര്‍ തന്നെ നമ്മളെ തള്ളിതാഴയിടുക ഹൃദയം നുറുങ്ങുന്ന അനുഭവമായിരിക്കും അത് .എന്റെ ജീവിതത്തിന്റെ അടിത്തറ ഇളകിയ സംഭവംമാണിതെന്നു പറയാം .ആരോരുമില്ലാതെ അഭയം തേടി ന്റൈ അടുത്ത് വന്ന ഒരാളെ മനുഷ്യത്വത്തിന്റെ പേരില്‍ എനിക്കു വന്ന ഒരു അവസരം കൊടുത്തു രക്ഷപെടണമെങ്കില്‍ രക്ഷപ്പെടട്ടെ എന്നു കരുതി . പക്ഷേ അവസരം കിട്ടികഴിഞ്ഞ ആള്‍ മുഖാന്തിരം എന്നെ പല പ്രോജക്ടുകളിന്‍ നിന്നും ഒഴിവാക്കി പിന്നിട് അയാള്‍ എന്നെ ദ്രോഹിക്കാവുന്നിടത്തൊക്കെ ദ്രോഹിച്ചു . ചവിട്ടി താഴ്ത്താവുന്നിടത്തൊക്കെ ചവിട്ടി താഴ്ത്തി .എനിക്ക് പിന്നിട് അവസരങ്ങള്‍ ലഭിക്കാതെയായി .ആ വ്യക്തി ഇന്നും ഡബ്ബിംങ്ങ് രംഗത്തുണ്ട് . ബാലന്‍ കെ നായരുടെ യാഗാഗ്നിയാണ് അവസാനം അഭിനയിച്ചത് . പിന്നിട് ഡബ്ബിങ്ങിലും അവസരം ലഭിച്ചില്ല .സിനിമ എന്നത് മായിക പ്രപഞ്ചമാണ് അവസരത്തിനു വേണ്ടി പിന്നിട് ഞാന്‍ ആരുടെയും മുന്‍പില്‍ കൈനീട്ടാന്‍ പോയിട്ടില്ല വഴിവിട്ടമാര്‍ഗ്ഗങ്ങളിലൂടെ അവസരത്തിനു വേണ്ടി ശ്രമിച്ചുമില്ല എനിക്കു അങ്ങനെ പണം ഉണ്ടാക്കാന്‍ ആഗ്രഹവുംമില്ലായിരുന്നു . പിന്നെ മദ്രാസില്‍ നിന്നും തിരികെ പോന്നു .
ഒരുപാടു ഞാന്‍ കരഞ്ഞു ഇനി വയ്യ ..

ജീവിത സായന്തനത്തില്‍ ഇപ്പോള്‍ ഞാന്‍ തനിച്ചാണ് പണവും പ്രശസ്തിയും ഉള്ളപ്പോള്‍ എല്ലാവരും നോക്കും അല്ലാത്തപ്പോള്‍ എല്ലാവര്‍ക്കും ഒരു ഭാരം തന്നെയാണ് . മക്കളെ ഞാന്‍ നല്ല വിധത്തില്‍ നോക്കി അവര്‍ക്ക് ഞാന്‍ ഒരു ഭാരമാകുന്നില്ല . അവര്‍ എന്നെ നോക്കാന്‍ തയ്യാറായാല്‍ എനിക്കു സന്തോഷമേയുള്ളു .അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല അമ്മയെ നോക്കേണേടത് മക്കളുടെ കടമയല്ലേ .ഞാന്‍ അഭിനയിച്ച അമ്മ വേഷങ്ങള്‍ എല്ലാം തന്നെ ദുഖങ്ങള്‍ പേറി എരിഞ്ഞടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു അതുപോലെ എന്റെ ജീവിതവും അവസാനിക്കുമായിരിക്കും . സിനിമാ സംഘടനയായ അമ്മയുടെ മെമ്പര്‍ഷിപ്പിനുവേണ്ടി ശ്രമിക്കുകയാണിപ്പോള്‍ ആരെങ്കിലും അഭിനയിക്കാന്‍ അവസരം തന്നാല്‍ അഭിനയിക്കാനും തയ്യാറാണ് .

ഇന്നലകളില്‍ പ്രകാശം പരത്തിയിരുന്നവര്‍ .. നമുക്കു മുന്‍പേ നടന്നവര്‍ .. കാലത്തിന്റെ ചവിട്ടുപടിയില്‍ നിന്നും കാലിടറിവീഴുമ്പോള്‍ ആരും തിരിഞ്ഞു നോക്കില്ല ..ഒറ്റപ്പെടലുകള്‍ എന്നും വേദനയാണ് കഷ്ടപ്പെട്ട് പ്രതീക്ഷയോടെ കൊണ്ടുവന്ന ജീവിതാവസാനം ആരാലും പരിഗണിക്കപ്പെടാതെ കഴിയുക .സിനിമ അങ്ങനെയാണ് എല്ലാം ഉള്ളപ്പോള്‍ കൂടെ നില്‍ക്കാനാളുണ്ടാകും ഇല്ലാത്തപ്പോള്‍ ഒന്നുമില്ല വമ്പന്‍ ആര്‍ട്ടിസ്റ്റുകളെ പോലും ആരും തിരിഞ്ഞു നോക്കില്ല പിന്നെ തങ്കത്തെ പോലുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആരുനോക്കാന്‍ ജീവിതത്തിന്റെ ഈ സായന്തനകാലത്ത് കലയ്ക്കുവേണ്ടി ജീവിച്ച മനസ്സും ശരീരവുമായി ഒരിറ്റു സ്‌നേഹവും സഹായവും കാത്തിരിക്കുകയാണ് തങ്കം .








No comments: