Monday, February 19, 2024

ദര്‍ശന പുണ്യമേകി ഏറ്റുമാനൂര്‍ ഏഴരപൊന്നാന

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപൊന്നാന ദര്‍ശനം ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി.എട്ടാം ഉത്സവദിനമായ ഞായറാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.വൈകിട്ട് ശ്രീകോവിലില്‍ നിന്ന് ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിച്ച് ആസ്ഥാന മണ്ഡപത്തിലെ പീഠത്തില്‍ പ്രതിഷ്ഠിച്ചു.ഭഗവാന്റെ ഇരുവശങ്ങളിലുമായി പൊന്നിന്‍ പ്രഭയില്‍ കുളിച്ച ഏഴരപൊന്നാനകളെ ഒരുക്കി നിര്‍ത്തിയിരുന്നു.ദീപ്രഭയില്‍ തിളങ്ങിനില്‍ക്കെ ഓംങ്കാരമന്ത്ര ജപത്തോടെ അര്‍ദ്ധരാത്രിയില്‍ ആസ്ഥാനമണ്ഡപത്തിന്റെ വാതില്‍ തുറന്നു.തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊന്നരിട്ടമഠം കുടുംബത്തിലെ പ്രതിനിധി ആദ്യകാണിക്കയര്‍പ്പിച്ചു.പിന്നാലെ ഊരാഴ്മയ്ക്കാരും ദേവസ്വംവും,ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും വലിയകാണിക്കയില്‍ കാണിക്കയര്‍പ്പിച്ച് ഭഗവാനെ വണങ്ങി.തുടര്‍ന്ന് ആസ്ഥാന മണ്ഡപത്തില്‍ നിന്ന് ഏഴരപൊന്നാനകളെ ഇറക്കി ക്ഷേത്രത്തിനു ചുറ്റും എഴുന്നെള്ളിപ്പ് നടന്നു.എഴുന്നെള്ളിപ്പിന് ശേഷം വലിയവിളക്കിന് പൊന്നിന്‍ കുടചൂടിയ ഏറ്റുമാനുരപ്പനെ എഴുന്നെള്ളിച്ചതിനു ഗജവീരന്‍മാര്‍ അകമ്പടി ഏകി. എല്ലാവര്‍ക്കും ദര്‍ശനം ലഭിക്കുവാന്‍ പൊലീസും വോളണ്ടറിയന്‍മാരും പ്രത്യേകം ശ്രദ്ധിച്ചു.തിരക്ക് ഒഴിവാക്കുവാന്‍ പ്രത്യേകം ബാരിക്കേഡുകള്‍ തിരിച്ചാണ് ഭക്തരെ കടത്തിവിട്ടത്.വനിതാ പൊലീസും മഫ്തിയിലുള്ള പൊലീസുകാരും ഭക്തജനങ്ങളെ നീയന്ത്രിക്കാനുണ്ടായിരുന്നു. ഇനി ആറാട്ടു ദിവസം വരെ ആസ്ഥാനമണ്ഡപത്തില്‍ ഏഴരപൊന്നാന ഉണ്ടായിരിക്കും.ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു.തുടര്‍ന്ന് ചലച്ചിത്ര നടന്‍ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കാണാന്‍ ക്ഷേത്രമൈതാനം നിറഞ്ഞാണ് ഭക്തജനങ്ങള്‍ എത്തിയത്.തുര്‍ന്ന് ഉത്സവബലി ദര്‍ശനം നടന്നു.വൈകിട്ട് 5 നു കാഴ്ചശ്രീബലിക്കു ശേഷം ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ നേത്യത്വത്തില്‍ സ്‌പെഷ്യല്‍ പഞ്ചാരിമേളവും രാത്രി 9 നു ചലചിത്രതാരം ദുര്‍ഗ്ഗ ക്യഷ്ണയുടെ നേത്യത്വത്തില്‍ ശാസ്ത്രീയ ന്യത്തം ഉണ്ടായിരുന്നു.തിങ്കളാഴ്ചയാണ് പള്ളിവേട്ട,ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

No comments: