Wednesday, February 21, 2024

ഏറ്റുമാനൂര്‍ ആറാട്ട് എഴുന്നെള്ളിപ്പ് ഭക്തി സാന്ദ്രമായി

  ഏറ്റുമാനൂര്‍: പത്തു നാള്‍ നീണ്ടുനിന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ആറാട്ടോടെ പരിസമാപ്തമായി.പേരൂര്‍ പൂവത്തും മൂട് കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. ഇതേ സമയം തന്നെ മറുകരയില്‍ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടന്നു ഒരു ആറിന് അക്കരെയും ഇക്കരെയും ആറാട്ടു നടന്നത് ഭക്തജനങ്ങള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി. കടുത്ത ചൂടിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ആറാട്ടിനായി പുറപ്പെട്ടത്.വലിയ തങ്ക തിടമ്പാണ് ആറാട്ടിനായി എഴുന്നെള്ളിച്ചത്.പ്രദക്ഷിണ വഴികളില്‍  നിറപറയും നിലവിളക്കുമായി ഭക്തജനങ്ങള്‍ വരവേറ്റു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയുള്ള പേരൂര്‍ക്കാവില്‍ എഴുന്നെള്ളിപ്പിന് സ്വീകരണം നല്‍കി.പേരൂര്‍ കണ്ടന്‍ചിറ കവലയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ  ഏറ്റുമാനൂരപ്പന്റെ  പുത്രിയെന്ന സങ്കല്‍പത്തിലുള്ള   പേരൂര്‍ കാവില്‍ വച്ച് ഒരു വര്‍ഷത്തെ ചിലവിലേക്കുള്ള എണ്ണയും പണക്കിഴിയും അധികാരികള്‍ക്ക് കൈമാറിയ ശേഷം പൂവത്തും മൂട് കടവിലേക്ക് യാത്രയായി. പൂവത്തുംമൂട് കടവില്‍ നടന്ന നീരാട്ട്,ആറാട്ട് ചടങ്ങുകള്‍ക്ക് കണ്ഠര് രാജീവര്,മേല്‍ശാന്തി മൈവാടി പത്മനാഭന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഇതേസമയം മറുകരയില്‍  പാറമ്പുഴ  പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ നടന്നു.ഇരുകരയിലുമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ സാക്ഷിയായി.മടക്കയാത്രയില്‍ പേരൂര്‍ ചാലയ്ക്കല്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി.തുടര്‍ന്ന് പേരൂര്‍ ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ് നടത്തി.ഏഴരപൊന്നാനകളുടെയും സ്വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെയാണ് എതിരേല്‍പ്പ് നടത്തിയത്.തുടര്‍ന്ന് ക്ഷേത്ര മൈതാനത്ത് എഴുന്നെള്ളിപ്പ് നടത്തി. എഴുന്നെള്ളിപ്പ്  ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചതോടെ കൊടിയിറക്കല്‍ ചടങ്ങ് നടത്തി.കൊടിയിറക്കല്‍ ചടങ്ങോടെ പത്തുനാള്‍ നീണ്ടു നിന്ന ഉത്സവത്തിനു പരിസമാപ്തിയായി. ഈ കൊല്ലം വലിയ തങ്കതിടമ്പ് പുനര്‍ നിര്‍മ്മിച്ചു എന്നതായിരുന്ന ഏറ്റവും വലിയ പ്രത്യേകത.ആറാട്ട് ദിവസം രാവിലെ 10 നു കലാമണ്ഡലം പ്രഭാകരന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച പറയന്‍ തുള്ളല്‍,3 മണിക്ക് മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീത സദസ്സ്,5.30 നു നല്ലൂര്‍ പി.എസ് ബാലമുരുകന്‍ അവതരിപ്പിച്ച നാദസ്വരകച്ചേരി, രാത്രി 10 മണിക്ക് റത്വിക് രാജ ചെന്നൈ അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവയും ഉണ്ടായിരുന്നു.

No comments: