വീണ്ടും കാവ്യമയം

രാഖി നാരായണന്‍
വിവാഹജീവിതത്തിലെ തിരിച്ചടികക്കു ശേഷം സിനിമയിലേക്കു തിരിച്ചുവന്ന കാവ്യാ മാധവന്‍ വീണ്ടും സൂപ്പര്‍ നായികാ പദവിയിലേക്ക്. സാധാരണ വിവാഹത്തോടെ നടിമാരുടെ കരിയര്‍ അവസാനിക്കുകയാണെങ്കില്‍ കാവ്യ വന്‍ തിരിച്ചുവരവാണ് നടത്തുന്നത്.
കാവ്യയ്ക്കായി അര ഡസനോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എല്ലാറ്റിലും ഒന്നിനൊന്നു വ്യത്യസ്തങ്ങളായ റോളുകളാണ് കാവ്യയെ കാത്തിരിക്കുന്നത്.
മമ്മൂട്ടിയുമൊത്തുള്ള പട്ടണത്തില്‍ ഭൂതമായിരുന്നു വിവാഹ ജീവിതത്തില്‍ കടന്ന ശേഷം കാവ്യ അഭിനയിച്ച ചിത്രം. വിവാഹത്തിനു മുന്‍പ് തുടങ്ങിയ ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ കാവ്യ അഭിനയിച്ചത് ഗള്‍ഫില്‍ നിന്ന് തിരിച്ചുവന്ന ശേഷമായിരുന്നു. ഫലിതരസപ്രധാനമായ ഈ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. തുടര്‍ന്ന്, സിനിമാജീവിതം തന്നെ അവസാനിപ്പിച്ചാണ് കാവ്യ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോയത്. വിവാഹജിവിതം പ്രശ്‌നസങ്കീര്‍ണമായതോടെ തിരിച്ചെത്തിയ കാവ്യ ആദ്യം ആദ്യം അഭിനയിച്ചത് തന്റെ ഭാഗ്യജോടിയായ ദിലീപുമൊത്തായിരുന്നു. പാപ്പീ അപ്പച്ചാ എന്ന ഈ ചിത്രം ഏറെ പ്രതീക്ഷ ജനിപ്പിച്ചിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു.
പക്ഷേ, പട്ടണത്തില്‍ ഭൂതവും പാപ്പീ അപ്പച്ചായും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും മലയാളത്തില്‍ കാവ്യയുടെ താരമൂല്യം ഇടിയുന്നില്ല. വിവാഹത്തിനു മുന്‍പ് ഉണ്ടായിരുന്നതിനു സമാനമായ തിരക്കിലേക്ക് കാവ്യ തിരിച്ചെത്തുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന താരനിബിഡമായ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സില്‍ സുപ്രധാനമായ റോളാണ് കാവ്യയ്ക്ക്. മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയാണ് കാവ്യ.
അടുത്ത ചിത്രം പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ആണ്. ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാവ്യയാണ്. ഇര്‍ഷാദാണ് ഈ ചിത്രത്തിലെ നായകന്‍. അമിത മദ്യപാനിയായ ഭര്‍ത്താവിനെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ആള്‍ദൈവമായി മാറുന്ന സുമംഗല എന്ന സ്ത്രീയെയാണ് ഈ ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്നത്.
ഇതു കഴിഞ്ഞാല്‍, കാവ്യ അഭിനയിക്കുന്ന ചിത്രം കമല്‍ സംവിധാനം ചെയ്യുന്ന ഗദ്ദാമയാണ്. ഗദ്ദാമയെന്നാല്‍ ഗള്‍ഫില്‍ വീട്ടുവേല ചെയ്യുന്ന പെണ്ണ് എന്നര്‍ത്ഥം. ഈ ചിത്രത്തില്‍ ശ്രീനിവാസനാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചൈന ടൗണ്‍ ആണ് കാവ്യയുടെ അടുത്ത ചിത്രം. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന ഈ കോമഡി ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവര്‍ അഭിനയിക്കുന്നു.
ഇങ്ങനെ കാവ്യയ്ക്കു തിരക്കു തന്നെയാണ്. ജീവിതത്തിലെ താളപ്പിഴകള്‍ മറക്കാന്‍ സിനിമയുടെ തിരക്കില്‍ മുങ്ങുന്ന കാവ്യയെ മലയാളം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം.
Tags: kavya madhavan, malayalam movie, tamil movie, film
No comments:
Post a Comment