Thursday, April 7, 2011

കൊട്ടാരക്കരയെ പോറ്റാന്‍ ഐഷാ പോറ്റി


രാഖി എസ് നാരായണന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ആട്ടകഥകളുടെ നാട് എന്ന കൊട്ടാരക്കര മണ്ഡലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു . ആര്‍ .ബാലകൃഷ്ണ പിള്ളയുടെ ഇടമലയാര്‍ കേസിലെ വിധി പ്രഖ്യപനമായിരുന്നു അത് .തെരഞ്ഞെടുപ്പു വിവാദങ്ങളിലെ എല്‍ .ഡി .എഫിന്റെ മുഖ്യ ആയുധവും പിള്ളയുടെ ജയില്‍വാസം തന്നെ .

പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശനമേയല്ല എന്ന മട്ടിലാണ് കൊട്ടാരക്കരയിലെ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി പി . ഐഷാ പോറ്റി . കാരണം ഞാന്‍ കൊണ്ടുവന്ന വികസനങ്ങള്‍ തന്നെ കണ്‍മുന്‍പില്‍ തെളിവായിട്ടു നില്‍മ്പോള്‍ ഭയം എന്തിന് കൊട്ടാരക്കരയുടെ സ്‌നേഹവും വിശ്വാസവും എന്നുമെന്റെ കൂടെയുണ്ട് .

ജയിക്കുവാന്‍ അതുമതി ഇനിയിപ്പോള്‍ തോറ്റാലും എനിക്കു പ്രശ്‌നമില്ല ജനങ്ങളോടുള്ള എന്റെ കടമ നിര്‍വ്വഹിച്ചതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യംമുണ്ട് . കേരളത്തിലെ ആദ്യത്തെ വനിതാ ബ്രാഹ്മണ എം .എല്‍ .എ യായ ഐഷാ പോറ്റി തിരഞ്ഞെടുപ്പു വിശേഷങ്ങളിലേക്ക് ...

നിലവിലെ സ്ഥിതിഗതികള്‍ കണ്ടിട്ട് ഇത്തവണ വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു?

വിജയസാധ്യതയെ കുറിച്ച് ചിന്തിക്കുന്നില്ല . എം .എല്‍ .എയായിരുന്ന സമയത്ത് ഞാന്‍ കൊണ്ടുവന്ന വികസനങ്ങള്‍ മണ്ഡലത്തിന്റെ മുഖഛായതന്നെ മാറ്റിമറിച്ചു. ഒരു പാടു കഷ്ടപ്പെട്ടിട്ടുതന്നെയാണ് കൊട്ടാരക്കരയെ ഈ അവസ്ഥയില്‍ എത്തിച്ചത് . ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരുടെ കൂടെ നിന്ന് പരിഹരിക്കുവാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് . ത്യാഗങ്ങള്‍ സഹിച്ചുതന്നെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത് ജനങ്ങള്‍ എന്റെ കൂടെ നില്‍ക്കും എന്നു തന്നെയാണ് വിശ്വാസം .

പിള്ളയുടെ ജയില്‍വാസം വോട്ടു കൂട്ടുമോ ?

എനിക്ക് അതിന്റെ പേരില്‍ വോട്ടു ചോദിക്കണ്ട ആവശ്യം ഇല്ല .പിന്നെ തെരഞ്ഞെടുപ്പല്ലേ കുപ്രചരണങ്ങള്‍ ചിലപ്പോള്‍ വോട്ടിന്റെ എണ്ണത്തെ ബാധിക്കാം.


എതൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാമായും കൊണ്ടുവന്നത് ?

എടുത്തു പറയാനായി കെ .എസ് .ആര്‍ .ടി .സി സ്റ്റേഷന്‍ വിപുലീകരിച്ചു എന്നതാണ്. 2008 ല്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതി 2010 ല്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു . മൂന്നേകാല്‍ കോടതിയുടെ ഈ പ്രോജക്ട് കൊട്ടാരക്കരയുടെ വികസന ചരിത്രത്തിന്റെ നാഴികകല്ല് ആകുമെന്നതില്‍ സംശയമില്ല പിന്നെ കൊട്ടാരക്കക്കര ക്ലാസിക്കല്‍ മ്യൂസിയം ജില്ലയിലെ ഏക കലാമ്യുസിയമാണ് .ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് മ്യൂസിയം കൊട്ടാരക്കര തമ്പുരാന്റെ വസതിയിലേക്കുമാറ്റി . ഫയര്‍ സ്റ്റേഷന്‍ ഉല്‍ഘാടനം,സമ്പൂര്‍ണ്ണമായി വൈദ്യുതികരിച്ച ജില്ലയിലെ മൂന്നാമത്തെ മണ്ഡലമാകാന്‍ കഴിഞ്ഞു,

സംസ്ഥാനത്തെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ഇ- ലേണിംഗ് മണ്ഡലമാക്കി ഉയര്‍ത്തി .വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി .കേരള സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി റീജിയണല്‍ സെന്റര്‍ തുറന്നു ,എക്‌സൈസ് സമുച്ചയം നിര്‍മ്മിക്കുന്നതിന്‍ 2.09 കോടിരൂപയുടെ പദ്ധതി അനുവദിച്ചു , കോടതി സമുച്ചയത്തിനുന ഫണ്ട് അനുവദിച്ചു ,12 ല്‍ പരം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ റോഡുകളുടെ വികസനം അങ്ങനെ നീണ്ടു പോകുന്നു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബ്രാന്‍ഡിനുനുമപ്പുറത്ത് ഒരു ഇമേജ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?


പാര്‍ട്ടിയാണല്ലോ എനിക്കു ഇങ്ങനെ ഒരു അവസരം തന്നത് എനിക്കു തന്ന അവസരം ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി എന്നു തന്നെ കരുതുന്നു

വനിത എന്ന നിലയില്‍ എന്തെങ്കിലും അവഗണന ?


വനിത എന്ന നിലയില്‍ എനിക്ക് ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ എപ്പോഴും ഒന്നാം സ്ഥാനം തന്നെയാണ് നല്‍കാറുള്ളത്.

മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെ പറ്റി വി. എസ് നടത്തിയ പരാമര്‍ശത്തെ എങ്ങനെ വിലയിരുത്തുന്നു?

അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളാണ് അതിനെ കുറച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല

വക്കില്‍കുപ്പായം അഴിച്ചുവച്ച് പൂര്‍ണ്ണമായും പൊതു പ്രവര്‍ത്തനത്തിലേക്കു കടന്നോ

ഇനിയൊരു തിരിച്ചു പോക്ക് ?


വക്കിലായി തന്നെ തുടര്‍ന്നാല്‍ എനിക്കു മാസം നല്ല വരുമാനം ലഭിക്കും പക്ഷേ ജനങ്ങളെ സേവിക്കാന്‍ കിട്ടുന്ന അവസരം പരമാവധി ഉയോഗപ്പെടുത്തുക നാടിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ലക്ഷ്യം


കൊട്ടാരക്കരക്ക് ഇനിയും വികസനംമാവശ്യംമുണ്ട് . കരുത്തുറ്റ കൈകള്‍ക്കുമാത്രമേ അതിന്റെ ഊടും പാവും നെയ്യാന്‍ സാധിക്കുകയുള്ളു .വികസനം വരണം എന്ന് മുറവിളിച്ചിട്ടുകാര്യമില്ല പ്രവര്‍ത്തിക്കുന്നമെന്നുറപ്പുള്ളവര്‍ അതുചെയ്യ്തിരിക്കും വിശ്വാസം അതാണല്ലോ എല്ലാം.

ഐഷാ പോറ്റിവീണ്ടും പ്രചരണ രംഗത്തേക്കു... ആനവാങ്ങിത്തരാം കുതിരവാങ്ങിത്തരാം എന്ന പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ ഒന്നും എനിക്കുതരാനില്ല പകരം ഞാന്‍ കൊണ്ടു വന്ന വികസനപ്രവര്‍ത്തനങ്ങള്‍ അനിസ്യൂതം തുടര്‍ന്നുപോകാന്‍ നിങ്ങള്‍ കൂടെ നില്‍ക്കണം .


Tags : kottarakkara, ldf, udf,elction, ayisha poti

















No comments: